Thursday, February 24, 2011

വസന്തം

മക്കയില്‍ 
അന്നൊരു വസന്തം വിടര്‍ന്നു 
പ്രപഞ്ചം പുഞ്ചിരിച്ചു 
അത്യുന്നതങ്ങളില്‍ നിന്ന് അനുഗ്രഹ വര്ഷം
ദൂരെ ജബല്‍  ഖുബൈസിന്റെ അപ്പുറത്തേക്ക് ഒരാള്‍ ആര്‍ത്തു കരഞ്ഞുകൊണ്ട്‌
ഓടിയകന്നു 
------------------------------------------------------
മര്‍കസില്‍ 
വിശുദ്ധ സാന്നിധ്യത്തിന്റെ പരിമളം
കേരളം ഏറ്റു ചൊല്ലി , 
തല'അല്‍ ബദ്രൂ അലൈനാ 
തെങ്ങിന്‍ തലപ്പും , വേഴാന്ബലും കണിക്കൊന്നയും 
അദബോടെ തലകുനിച്ചു 
 ആയിരം താരകങ്ങള്‍ പൂത്തിറങ്ങി
മണ്ണിലും ആശിഖിന്റെ മനസ്സിലും 
--     --      ---  
സഹ്യ സാനുക്കള്‍ കടന്നു അകലെ 
ഇരുട്ട് മുറിയില്‍
അവര്‍ കിതച്ചു നിന്നു 
ജാലികയില്‍ പറ്റി നിന്ന പല്ലി ചിലച്ചു 
പ്രധിരോധവും പ്ലാച്ചിമടയും കൈകോര്‍ത്തു 
പുതിയ വിഗ്രഹങ്ങള്‍ക്ക് തേങ്ങയുടക്കപ്പെട്ടു 
അഖ്തല്‍, ക'അബു ബിന്‍ അഷ്‌റഫ്‌, അബൂ ലഹബ് 
ചുവന്ന കുരിശുള്ള വെളുത്ത കൊടി പതുക്കെ ഒന്നുലഞ്ഞു 
അയാള്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി ചൊറിഞ്ഞു
വെട്ടു കത്തിയില്‍ ഉണങ്ങി പ്പിടിച്ച 
പഴയ രക്ത കോശങ്ങള്‍ പരിചയം പുതുക്കി 
അയാളുടെ സിരകളിലെ ചോരയും 
പഴയ ശരീരങ്ങളെ നോക്കി പുഞ്ചിരിച്ചു 
വെള്ളിക്കാശിന്റെ കിലുക്കം 
ഓ, ഒന്നു എണ്ണി നോക്കൂ............... 
----------------------------------------------------
വെളുത്ത താടി രോമാങ്ങള്‍ക്കിടയില്‍ 
പുഞ്ചിരി വിടര്‍ന്നു 
വിശുദ്ധമായ പാദ പദനങ്ങള്‍ അദ്ദേഹം കേള്‍ക്കുന്നു
പുതിയ വസന്തത്തിന്റെ പരിമളം  ആസ്വദിക്കുന്നു 
കാണുന്നു, ആകാശത്തും ഭൂമിയിലും വിരിഞ്ഞു മുഖാമുഖം നില്‍ക്കുന്ന
ഇഷ്ഖിന്റെ പുഷ്പങ്ങളെ 
കേള്‍ക്കുന്നു, കേര വൃക്ഷങ്ങളെ തലോടി 
ഓരോ കുടിലിലും ചെന്ന് കയറുന്ന 
പുതിയ അനുഗ്രഹത്തിന്റെ മര്‍മരം 
തിരിച്ചറിയുന്നു, മഹാനായ ഒരഥിതിയുടെ  
ധന്യ സാന്നിധ്യം , ആ കര സ്പര്‍ശത്തിന്റെ കുളിര്‍മ 
---------------------
ഓരോ അടുപ്പിലും ഇഷ്ഖിന്റെ പുതിയ പാട്ടുകള്‍  
വെന്തു കൊണ്ടിരിക്കുന്നു 
വയറ്റില്‍ ചേര്‍ത്ത് വെച്ച കല്ലുകള്‍ അഴിച്ചു 
അവര്‍ പുതിയ  അതിഥി മന്ദിരം 
പടുക്കുകയാണ് 
തലഅല്‍ ബ ദ് രു അലൈനാ ... മിന്‍ സനിയ്യത്തില്‍  വിദായി
                                                - ശിഹാബുദ്ദീന്‍ -

Tuesday, February 22, 2011

അബൂ ലഹബിന്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു

ഇന്നലെ 
അല്‍ അമീന്‍ അവരോടു പറഞ്ഞു : ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ് 
ചിലര്‍ക്ക് അവിടുത്തെ മുന്‍പേ അറിയാമായിരുന്നു 
 അവര്‍ ഉറക്കെ സ്വാഗതം ചെയ്തു 
ചിലര്‍ക്ക് സംശയമായിരുന്നു : അവര്‍ വിശ്വസിച്ചില്ല 
ചിലര്‍ അവിടുത്തെ തെറി വിളിച്ചു , കല്ലെറിഞ്ഞു , ആക്ഷേപിച്ചു , വധിക്കാന്‍ പോലും ഒരുമ്പെട്ടു
സത്യം പകല്‍ പോലെ വ്യക്തമായപ്പോള്‍ വിശ്വസിക്കാതെ മാറി നിന്ന പലരും കണ്ണീരനിഞ്ഞു 
വിശ്വാസം പ്രഖ്യാപിച്ചു 
അപ്പോഴും പണ്ട് കല്ലെറിഞ്ഞ നേതാക്കള്‍ക്ക് അഹങ്കാരം ശമിച്ചില്ല , അവര്‍ ആക്ഷേപം തുടര്‍ന്ന് കൊണ്ടേയിരുന്നു 
സ്വയം പരിഹാസ്യരായിക്കൊന്ടെയിരുന്നു 
ഇന്ന് 
ഒരു മനുഷ്യന്‍ മാലോകരോട് വിളിച്ചു പറഞ്ഞു 
സഹോദരങ്ങളെ , വിശുദ്ധ പ്രവാചകരുടെ പവിത്രമായ തിരു കേശം ഇതാ നിങ്ങള്ക്ക് മുന്നില്‍ ഞാന്‍ കൊണ്ട് വന്നിരിക്കുന്നു 
ആ മനുഷ്യനെ അറിയാവുന്ന, ആദരിക്കുന്ന പലരും അത് വിശ്വസിച്ചു 
ചില ശത്രുക്കളും പ്രവാചകരുടെ തിരു ശേഷിപ്പിനു മുന്നില്‍ ആദരവ് പൂണ്ടു 
അവര്‍ എഴുന്നേറ്റു നിന്ന് 
സന്തോഷത്താല്‍ കണ്ണീരൊഴുക്കി
ആ വിശുദ്ധ സ്പര്‍ശം ലഭിച്ച തെളിനീരിന് വേണ്ടി അവര്‍ പൊരിവെയിലത്ത് ദിവസം മുഴുവന്‍ കാത്തു നിന്നു.
വിശ്വസിക്കാന്‍ മതിയായ തെളിവ് ലഭിക്കാത്ത ചിലര്‍ പക്ഷെ നാവുയര്താന്‍ ഭയപ്പെട്ടു 
തങ്ങളുടെ വാക്കുകള്‍ എതെങ്കിലു വിധേന തിരുദൂതരുടെ നേരെ ചെന്ന് പതിക്കുമോ എന്നവര്‍ പേടിച്ചു 
ചിലര്‍ തെറിവിളിച്ചു , ആക്ഷേപിച്ചു , അത് കേട്ടു അണികള്‍ പോലും സ്തബ്ധരായി 
----------------------------------------------
ഇവിടെയിതാ ഒരു മനുഷ്യന്‍ 
നിഘണ്ടുവില്‍ നിന്നു ഏറ്റവും വൃത്തി കേട്ട പദങ്ങള്‍ കൊണ്ട് മടിശീല നിറച്ചു കടന്നു വന്നിരിക്കുന്നു 
അയാളുടെ ഓരോ കല്ലേറും കാരന്തൂര്‍ കടന്നു മദീനയില്‍ ചെന്നെത്തുന്നത് അദ്ദേഹം അറിയഞ്ഞിട്ടവുമോ അതോ അതയാള്‍ക്ക്‌ കൂടുതല്‍ ഉന്മേഷം നല്കയാണോ